പയ്യന്നൂരിൽ രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. സിപിഐഎം നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് രംഗത്തെത്തിയ വിമത നേതാവ് വി. കുഞ്ഞികൃഷ്ണന്റെ അനുഭാവിയുടെ വീടിന് നേരെ പുലർച്ചെ ആക്രമണം ഉണ്ടായി. മാവിച്ചേരിയിലെ ടി. പുരുഷോത്തമന്റെ വീടിന് നേരെയാണ് അക്രമികൾ അഴിഞ്ഞാടിയത്. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ അക്രമികൾ അടിച്ചുതകർക്കുകയും തീയിടുകയും ചെയ്തു. കൂടാതെ വീടിന്റെ ജനൽ ചില്ലുകളും കല്ലേറിൽ തകർന്നിട്ടുണ്ട്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നതിന്റെ പേരിലാണ് തനിക്കെതിരെ ആക്രമണം ഉണ്ടായതെന്ന് പുരുഷോത്തമൻ ആരോപിച്ചു. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള വിരോധമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പയ്യന്നൂരിലെ ‘രാഷ്ട്രീയ മാഫിയ’യാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീട്ടുകാർ ഉണർന്ന് പുറത്തേക്ക് വന്നപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്.
തിരഞ്ഞെടുപ്പിന് പിന്നാലെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പയ്യന്നൂരിലെ ഈ സംഭവം അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. വി. കുഞ്ഞികൃഷ്ണൻ സ്വതന്ത്രനായി മത്സരിക്കുന്നത് സിപിഐഎം കോട്ടകളിൽ വലിയ വിള്ളലുണ്ടാക്കുമെന്ന ആശങ്കകൾക്കിടയിലാണ് ഈ ആക്രമണം. സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ വീടുകൾക്കും വാഹനങ്ങൾക്കും നേരെ നടക്കുന്ന ഇത്തരം ക്രൂരതകൾക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പയ്യന്നൂരിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി കൂട്ടായ്മയിലേക്ക് സ്വാഗതം ❤️👍
https://chat.whatsapp.com/Ji8avYbR2083iPgNTrZvQw?mode=gi_t
