പശ്ചിമേഷ്യയിലെ യുദ്ധം രണ്ടു ദിവസം പിന്നിട്ടു. രണ്ടു ദിവസവും ആഗോള വിപണികൾക്ക് അവധിയായിരുന്നു. അതിനാൽ യുദ്ധത്തിന്റെ ആഘാതം വിപണിയിലേക്കു വന്നില്ല. മൂന്നാം ദിവസമായ തിങ്കളാഴ്ച, യുദ്ധത്തെപ്പറ്റി ആദ്യത്തെയത്ര ആശങ്ക കാണുന്നില്ല. ഇറാന്റെ പ്രത്യാക്രമണം താരതമ്യേന ദുർബലമാണ്. അത് അധികനാൾ തുടരാനും സാധ്യതയില്ല. ഒരു ദീർഘയുദ്ധം ആരും കണക്കുകൂട്ടുന്നില്ല. എന്നാൽ, യുദ്ധം തീർന്നാലും ഇറാനിൽ അശാന്തിയും പശ്ചിമേഷ്യയിൽ അക്രമപരമ്പരകളും നീണ്ടുനിൽക്കുമെന്നു വ്യക്തമാണ്.
യുദ്ധത്തിൽ മറ്റു വൻശക്തികളുടെ ഇടപെടൽ സാധ്യത ഇല്ലെന്നായി. തത്കാലം ഇറാനെതിരേ കൂടുതൽ രാജ്യങ്ങൾ ആക്രമണം നടത്താനും സാധ്യത ഇല്ല. സൗദി അറേബ്യയെയും അയൽ രാജ്യങ്ങളെയും ആക്രമിച്ച് അവരെ എതിർ ചേരിയിൽ ഉറപ്പിച്ചു നിർത്തുകയാണ് ഇറാൻ ഭരണകൂടം ചെയ്തത്. എങ്കിലും അവർ പ്രത്യാക്രമണത്തിനു മുതിരാനിടയില്ല.
അമേരിക്കയും ഇസ്രയേലും ഒരു വശത്തും ഇറാൻ മറുവശത്തുമായുള്ള യുദ്ധം തത്കാലം തുടരും. അത് അധികം നീളില്ല എന്നു യു.എസ്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പറയുന്നുമുണ്ട്.
ഇതെല്ലാം ആദ്യത്തെ വലിയ ആശങ്കയിൽ നിന്ന് വിപണികളെ പിന്മാറ്റും. എങ്കിലും വിപണികൾ താഴും. കഴിഞ്ഞ വർഷം ജൂണിൽ ഇറാനെ ആക്രമിച്ചപ്പോൾ എണ്ണവില കുതിച്ച് 110 ഡോളർ വരെ എത്തി. ഇന്ത്യൻ ഓഹരിവിപണി 1.6 ശതമാനം ഇടിഞ്ഞു. അമേരിക്കൻ വിപണി 1.8 ശതമാനം വരെ താഴ്ചയിലായി. സ്വർണം 24 കാരറ്റ് 10 ഗ്രാമിന് ആദ്യമായി ഒരു ലക്ഷം രൂപയ്ക്കു മുകളിൽ എത്തി. പക്ഷേ, രണ്ടു ദിവസം കൊണ്ടു വിപണി ശാന്തമായി. ഇത്തവണയും വിപണി ആദ്യം ഉലഞ്ഞ ശേഷം വേഗം തന്നെ സാധാരണ നിലയിലാകും എന്നു പ്രതീക്ഷിക്കാം.
