പുന്നയൂർക്കുളം : കുട്ടാടൻ പാടശേഖരത്തിൽ നഷ്ടക്കൊയ്ത്ത്; മുൻ വർഷത്തെ അപേക്ഷിച്ച് പകുതി വിളവാണ് ഇത്തവണ ലഭിച്ചത്. നെല്ലിനു തൂക്കവും കുറഞ്ഞു. ആഴ്ചകൾക്കു മുൻപ് കൊയ്ത നെല്ല് കയറ്റിപ്പോയ ആശ്വാസത്തിലാണു കർഷകർ. തുടക്കം പിഴച്ച വർഷമായിരുന്നു ഇത്. നടീൽ കഴിഞ്ഞതിനു പിന്നാലെ പെയ്ത മഴയിൽ 35 ഏക്കർ കൃഷി നശിച്ചു. പാടത്ത് വെള്ളം നിറഞ്ഞതിനാൽ ബാക്കി നടീൽ വൈകി. ഇതിനാൽ കൃഷി അവസാനത്തേക്കു വേണ്ടത്ര വെള്ളം കിട്ടിയില്ല. തോടും കുളങ്ങളും വറ്റിയതിനാൽ രണ്ടേക്കർ കൃഷി വെള്ളം കിട്ടാതെ കരിഞ്ഞു.
ഏക്കറിനു 2,000 കിലോയെങ്കിലും കിട്ടുന്നിടത്ത് 1000–1200 കിലോ മാത്രമേ ലഭിച്ചുള്ളൂ. ഇതിൽ 1000 കിലോയ്ക്ക് 100 കിലോ വരെ കിഴിവും പോയി. നെല്ല് ചാക്കിലാക്കി തുന്നിക്കെട്ടാൻ ചാക്കൊന്നിനു 15 രൂപ, വണ്ടിയിലേക്കു കയറ്റാൻ 50 കിലോ ചാക്കിനു 22.50 രൂപ എന്നിങ്ങനെ നൽകണം. നെല്ല് എടുക്കുന്ന ലോറി പാടത്തേക്ക് ഇറങ്ങാറുണ്ടെങ്കിലും ഇത്തവണ അതും ഉണ്ടായില്ല. ചെളിയിൽ താഴും എന്നായിരുന്നു കാരണം പറഞ്ഞത്. ഇതിനാൽ പാടത്ത് കെട്ടിവച്ച നെല്ല് റോഡിലേക്ക് എത്തിച്ചു. ഇതിനും ചാക്കൊന്നിന് 15 രൂപ അധികം ചെലവായി. നെല്ല് മില്ലുകാർ എടുക്കാത്തതായിരുന്നു അവസാനത്തെ പ്രതിസന്ധി. ഒടുവിൽ 10 ശതമാനം വരെ നഷ്ടം സഹിച്ച് നെല്ല് വിറ്റൊഴിച്ചു. ഒരു ഏക്കറിൽ കൃഷി ഇറക്കാൻ 28,000 മുതൽ 32,000 വരെയാണ് ചെലവെന്ന് കർഷകർ പറയുന്നു. കിലോയ്ക്ക് 30 രൂപയാണ് വില. അപ്പോഴും നഷ്ടം മാത്രമാണ് ബാക്കി. 5 മാസത്തെ അധ്വാനവും കഷ്ടപ്പാടും വെറുതേയായെന്ന സങ്കടത്തിലാണ് കർഷകർ.
